പ്രതിപക്ഷ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നവീന്‍ പട്നായിക്

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടാന്‍ സാധ്യതയുള്ള പ്രതിപക്ഷ സഖ്യങ്ങളിലൊന്നും ബിജെഡി ഉണ്ടാകില്ല. ബിജെഡി ഒറ്റയ്ക്ക് മത്സരിക്കും, അതാണ് എല്ലായ്പ്പോഴും തങ്ങളുടെ പദ്ധതിയെന്നും നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നവീന്‍ പട്നായിക്.
മൂന്നാം മുന്നണിയില്‍ ചേരാനുള്ള സാധ്യതയില്ല. തന്നെ സംബന്ധിച്ച് അതിന്റെ ആവശ്യകത ഇപ്പോഴില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഒറ്റയ്ക്ക് നില്ക്കുക എന്നത് എല്ലായ്പ്പോഴും തങ്ങളുടെ തത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഒഡീഷയുടെ ആവശ്യങ്ങള്‍ക്കായാണെന്നും പട്നായിക് കൂട്ടിച്ചേർത്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും പ്രതിപക്ഷ സഖ്യത്തിലേക്കില്ലെന്ന് നവീന്‍ പട്നായിക് സൂചന നല്‍കിയിരുന്നു.