സെല്ലിന്‍റെ പുറത്ത് ഇറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ് കോടതിയിൽ

സെല്ലിന്‍റെ പുറത്ത് ഇറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ് കോടതിയിൽ

ന്യൂഡൽഹി: സെല്ലിന്‍റെ പുറത്ത് ഇറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മുൻ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി ഉമർ ഖാലിദ്. ഏകാന്ത തടവിലെന്ന പോലെയാണ് കഴിയുന്നതെന്ന് അദ്ദേഹം

ഡൽഹി കോടതിയിൽ അറിയിച്ചു. ഡൽഹി കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഫെബ്രുവരിയിലാണ് യുഎപിഎ ചുമത്തി ഉമർ ഖാലിദിലെ പൊലീസ് അറസ്റ്റ് ചെയ്തത് - മീഡിയ വൺ റിപ്പോർട്ട്

ജയിൽ സൂപ്രണ്ടിന്‍റെ തീരുമാനപ്രകാരമാണ് തന്നെ സെല്ലിൽ ഒറ്റക്കാക്കുന്നത്. ഏകാന്തവാസം തനിക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉമർ ഖാലിദ് ഡൽഹി കോടതിയിൽ അറിയിച്ചു. ജയിൽ സൂപ്രണ്ടിനോട് പരാതിപെട്ടപ്പോൾ സെല്ലിൽ നിന്നും 10 മിനിറ്റിന് പുറത്തിറങ്ങാൻ അനുവദിക്കുകയും പിന്നീട് തിരിച്ചുകയറാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഉമർ ഖാലിദ് പറഞ്ഞു.

വിഷയത്തിൽ വെള്ളിയാഴ്ച ജയിൽ സൂപ്രണ്ടിനോട് കോടതിയിൽ ഹാജരാവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ പരാതിപ്പെട്ടതിന്‍റെ പേരിൽ ജയിലിൽ പ്രയാസങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ടെന്ന് കോടതിയെ അറിയിച്ചപ്പോൾ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ അനുഭവിക്കുന്ന ദുരിതങ്ങള്‍ അറിയിച്ചാല്‍ പ്രയാസങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് കോടതി നിർദേശിച്ചു.