ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപശകുന പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി നൽകിയ പരാതിയിലാണ് നടപടി. രണ്ടുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇത്തരത്തിൽ ഒരു പരിഹാസ പരാമർശം നടത്തിയത്. ‘ഇന്ത്യൻ ടീം നന്നായി കളിച്ചു എന്നാൽ അപശകുനം എത്തിയതോടെ കളി തോറ്റു’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത്.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോൾ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്.
മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിൻറെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നതിൻറെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു