രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്കയില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്കയില്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 45,576 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം ആയി. ഇന്ന് 474 പേര്‍ മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,31,578 ആയി ഉയര്‍ന്നു.

അതേസമയം, 83,83,602 പേര്‍ രോഗ മുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമാണ്. പ്രതിദിന സാംപിള്‍ പരിശോധനയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ 10,28,203 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഡല്‍ഹിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 7486 ആയി ഉയര്‍ന്നു. 131 പേരാണ് ഇന്നലെ മരിച്ചത്.

മഹാരാഷ്ട്രയില്‍ 5011 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3668 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു, കര്‍ണാടകയിലും, തമിഴ്‌നാട്ടിലും, ആന്ധ്രപ്രദേശിലും ആയിരത്തിനും മുകളിലാണ് പ്രതിദിന രോഗബാധ. അതേസമയം ടാറ്റയും അപ്പോളോ ആശുപത്രിയും ചേര്‍ന്ന് ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യ പ്രകാരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെസ്റ്റിംഗ് കിറ്റായ ഫെലൂഡ ഇന്ന് ഡല്‍ഹിയില്‍ പുറത്തിറക്കും.