കര്‍ണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പുതിയ മുഖ്യമന്ത്രി ഇപ്പോഴും സസ്‌പെൻസിൽ

google news
Oath-taking in Karnataka on Thursday
 

ബെംഗളൂരു; കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചിട്ടും നിയമസഭാകക്ഷി നേതാവിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുകയാണ്. മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. തോറ്റെങ്കിലും ജഗദീഷ് ഷെട്ടറും മന്ത്രിസഭയിലുണ്ടാകും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത്‌ മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ്‌ ഷെട്ടറിനു മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. 

മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമാരാഞ്ഞ്‌ നിരീക്ഷകർ എഐസിസി അധ്യക്ഷന് നാളെ റിപ്പോർട്ട്‌ നൽകും. സംസ്ഥാനത്തെ സാഹചര്യവും എംഎൽഎമാരുടെ താത്പര്യവും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് നൽകുക. ഇതിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖർഗ്ഗെ സോണിയയെയും രാഹുലിനെയും കണ്ട്‌ ചർച്ച നടത്തും. ആവശ്യമെങ്കിൽ കർണ്ണാടക നേതാക്കളെ ദില്ലിക്ക്‌ വിളിപ്പിക്കും. രണ്ട്‌ ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി ബുധനാഴ്ച പ്രഖ്യാപനം നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയിൽ സോണിയയും രാഹുലും പങ്കെടുത്തേക്കും. 
 
"കർണാടകയിലെ ജനങ്ങൾ ബിജെപിയെ തള്ളി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. റെക്കോർഡ് വോട്ടുകളാണ് ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്.ഞങ്ങളുടെ പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ 5 വാഗ്ദാനങ്ങളും മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം നടപ്പിലാക്കും. ഞങ്ങളുടെ നിരീക്ഷകർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നിയമസഭാകക്ഷി യോഗത്തിന് ശേഷം നിരീക്ഷകർ അഭിപ്രായം ഹൈക്കമാൻഡുമായി പങ്കുവയ്ക്കും. പിന്നീട് ഹൈക്കമാൻഡ് തീരുമാനം അറിയിക്കും". ഖാർഗെ പറഞ്ഞു. 

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഒരാളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല. ഇക്കാര്യത്തിൽ ഒറ്റയടിക്ക് തീരുമാനമെടുക്കില്ലെന്നും കെ സി വേണുഗോപാൽ ബംഗളൂരുവിൽ പറഞ്ഞു.

Tags