ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്ത. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി താൻ സംസാരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്രെയിൻ അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിക്കുമെന്നും നവീൻ പട്നായിക്ക് അറിയിച്ചു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉൾപ്പെടെയുള്ളവർ അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ പങ്കുവയക്കുകയും ചെയ്തു.
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടം ഞെട്ടിപ്പിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഒഡീഷ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അപകടത്തിന്റെ വിശദാംശങ്ങൾ തേടിയതായി അദ്ദേഹം അറിയിച്ചു. അപകടസ്ഥലത്തെത്താന്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam