പ്രതിപക്ഷ ബഹളം; ഇരുസഭകളും നിര്‍ത്തിവച്ചു

narendra modi

ന്യൂ ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു.ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു.

പ്രധാനമന്ത്രി അംഗങ്ങളെ പരിചയപ്പെടുത്തുന്ന അവസരത്തില്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. അതേസമയം, ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, ഇന്ധന വില വര്‍ധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സൈക്കിള്‍ ചവിട്ടിയാണ് തൃണമൂല്‍ അംഗങ്ങള്‍ സഭയിലേക്ക് എത്തിയത്.

അതേസമയം, പ്രതിപക്ഷം രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.  ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം. ജനങ്ങളുടെ സ്വകാര്യത സര്‍ക്കാര്‍ അപകടത്തിലാക്കിയെന്നും നോട്ടീസില്‍ പറയുന്നു. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചു. രാജ്യസഭയില്‍ സിപിഐയുടെ ബിനോയ് വിശ്വം എംപി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന് വേണ്ടി നോട്ടിസ് നല്‍കിയത് ചീഫ് വിപ്പായ കൊടിക്കുന്നില്‍ സുരേഷാണ്.