പ്രതിപക്ഷം ഐക്യം; ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. ഖാർഗെയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഒന്നര മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിതീഷിന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കളുമായി ഒന്നാംഘട്ട ചർച്ചകൾ നേരത്തെ നടന്നിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുന്നതിൽ എ.എ.പിക്ക് താൽപര്യമില്ല. ഈ സാഹചര്യത്തിലാണ് ചർച്ചകൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകുന്നത്.
കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നില്ല. ഡൽഹിയിലെ അധികാരത്തർക്കത്തിൽ കേന്ദ്രം കൊണ്ടുവരുന്ന ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്താൻ കെജ്‌രിവാൾ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ നിതീഷ് കുമാറും കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും.
ബിജെപിക്കെതിരായ നീക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഉടന്‍ ചേരും. ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ യോഗത്തിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിക്കുമെന്ന് നിതീഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. നിരവധി പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. കഴിഞ്ഞ ദിവസം എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ നേരത്തെ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.