ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി

oscar

മംഗളുരു : യോഗ ചെയ്യുന്നതിനിടെ വീണ് തലക്ക് ഗുരുതര പരിക്കേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ.ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അബോധാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ഫെര്‍ണാണ്ടസിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ഫെര്‍ണാണ്ടസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ വൃക്ക തകരാര്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തുന്ന കാര്യത്തില്‍ ആശങ്കയിലാണ് ഡോക്ടര്‍മാര്‍.

കഴിഞ്ഞ ദിവസം രാവിലെ മംഗളൂരു അത്താവറിലെ ഫ്ളാറ്റില്‍ യോഗ ചെയ്യുന്നതിനിടെയാണ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് തലയടിച്ചു വീണത്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് പതിവു വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട കെട്ടിയതായി കണ്ടെത്തിയത്. 

രാത്രിയോടെ അബോധാവസ്ഥയില്‍ ആവുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.