കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒറ്റബിൽ; കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്

rr
ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. നിയമങ്ങൾ പിൻവലിക്കാനുള്ള അനുമതി ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം നൽകിയേക്കുമെന്നാണ് വിവരം. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാകും കരട് ബില്ലിന് അംഗീകാരം നൽകുക. ബിൽ ഈ മാസം 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് പിൻവലിച്ചുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും. ഇതിന് ശേഷം ബിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം റദ്ദാകും.


 

അതേസമയം കര്‍ഷകരുടെ രോഷം (farmers protest)  അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ പുരോഗമിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. ഈക്കാര്യങ്ങളിൽ കൃഷിമന്ത്രാലയത്തിൽ കൂടിയാലോചനകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.