ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 41,621 സ്ത്രീകളെ; കണക്കുപുറത്തുവിട്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ

google news
sd
 

അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 40,000ലധികം സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം ബ്യൂറോ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2016 മുതല്‍ 2020വരെയുള്ള കാലയളവിലാണ് 41,621 സ്ത്രീകളെ സംസ്ഥാനത്ത് നിന്ന് കാണാതായത്. 2016-ൽ 7105 സ്ത്രീകളെ കാണാതായപ്പോൾ 2017-ൽ 7712, 2018-ൽ 9246, 2019-ൽ 9268, 2020-ൽ 8290 എന്നിങ്ങനെയാണ് കാണാതായ സ്ത്രീകളുടെ എണ്ണം. ആകെ 41,621 സ്ത്രീകളെയാണ് കാണാതായത്.


2012-ൽ സർക്കാർ നിയമസഭയിൽവെച്ച കണക്കുകൾ പ്രകാരം 2019-20ൽ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. കാണാതായവരിൽ പല സ്ത്രീകളെയും ഗുജറാത്തിന് പുറത്തേക്ക് നിർബന്ധിത ലൈംഗികവൃത്തിക്കായി കയറ്റിയയക്കുകയാണെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറഞ്ഞു.

സ്ത്രീകളെ കാണാതായ കേസുകള്‍ പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ല. കൊലപാതകത്തേക്കാള്‍ ഗൗരവത്തോടെ ഇത്തരം കേസുകള്‍ പരിഗണിക്കണം. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത്. ബ്രിട്ടീഷ് കാലത്തുള്ളതുപോലുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു.

മനുഷ്യക്കടത്ത് സംഘങ്ങളാണ് പെണ്‍കുട്ടികളുടെ തിരോധാനത്തിന് പിന്നിലെന്ന് മുന്‍ എഡിജിപി ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു. കാണാതാകുന്ന വലിയൊരു വിഭാഗം പെണ്‍കുട്ടികളെയും മനുഷ്യക്കടത്ത് സംഘങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കുകയാണെന്ന് തന്റെ കാലത്ത് കണ്ടെത്തിയിരുന്നു. ഖേദ ജില്ലയില്‍ എസ്പിയായിരുന്നപ്പോള്‍ അവിടെ ജോലിക്കെത്തിയ ഉത്തര്‍പ്രദേശുകാരന്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ സ്വന്തം നാട്ടില്‍ കൊണ്ടുപോയി വിറ്റു. ഫാമില്‍ പണിക്കാരിയാക്കി. ആ പെണ്‍കുട്ടിയെ ഞങ്ങള്‍ ഇടപെട്ട് മോചിപ്പിച്ചു.

  
ബി.ജെ.പി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ഗുജറാത്തിൽ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടാണ് ഗുജറാത്തെന്ന് ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags