പെഗാസസ്: സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ നമ്പറും ചോര്‍ത്തി

alok


ന്യൂഡല്‍ഹി: സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെ അലോക് വര്‍മയുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചതായി ദ വയറിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്.

2018 ഒക്ടോബർ 23ന് രാത്രിയാണ് അലോക് വർമ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് നമ്പറുകൾ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകള്‍ നിരീക്ഷിക്കാന്‍ ആരംഭിക്കുകയായിരുന്നു. സര്‍വീസ് അവസാനിപ്പിക്കാന്‍ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്. 

അലോക് വർമ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ ശർമ്മയുടെ നമ്പറും പെഗാസസ് പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ കെ ശർമ്മയെയും അന്ന് രാത്രി തന്നെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 2019 വരെ സിബിഐയിൽ തുടർന്ന എ കെ ശർമ്മ ഈ വർഷം തുടക്കത്തിലാണ് വിരമിച്ചത്. രാകേഷ് അസ്ഥാന നിലവിൽ സിആർപിഎഫ് തലവനാണ്.