പെഗാസസ് ചോര്‍ച്ച: ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

pegasus-project

ന്യൂഡല്‍ഹി: ഇസ്രയേല്‍ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 

പതിനേഴ് മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് 'ദ വയര്‍'ആണ് ഈ ഉദ്യമത്തില്‍ പങ്കാളിയായത്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്പറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളുമുണ്ടെന്നാണ് സൂചന. സുപ്രീംകോടതി ജഡ്ജിയുടേയും നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.  

ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചേര്‍ത്തപ്പെട്ടതായി ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിമാര്‍, ആര്‍.എസ്എസ് നേതാക്കള്‍, സുപ്രിംകോടതി ജഡ്ജിമാര്‍, ജേണലിസ്റ്റുകള്‍, തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഐ.ടി. നിയമത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവ ലംഘിച്ചു കൊണ്ടാണ് പെഗാസസ് ഉപയോഗിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്.