പെഗാസസ് വിവാദം: രാഹുലിന്‍റെയും പ്രിയങ്കയുടെയും ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്; പട്ടിക പുറത്ത്

rahul


ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.  പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ച് ചോർത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങൾ പുറത്ത് വന്നു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ പട്ടികയിലുണ്ട്.

കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത ബന്ധമുള്ള 18 പേരുടെ വിവരങ്ങളും  പട്ടികയിലുണ്ട്. 

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്റ്റാഫിന്‍റെ ഭർത്താവിന്‍റെയും ബന്ധുക്കളുടെയും ഫോണുകളും ചോർന്നു. ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ ഇന്ത്യൻ ഓപ്പറേഷൻ ഡയറക്ടർ എം ഹരിമേനോന്‍റെയും വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഫോണുകളും ചോർത്തി.

മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളില്‍ ചിലതില്‍ കണ്ടതായാണ് വിദേശമാധ്യമങ്ങളായ 'വാഷിങ്ടണ്‍ പോസ്റ്റ്', 'ദ ഗാര്‍ഡിയന്‍' എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ 'ദ വയര്‍' വെബ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഫോൺചോർത്തൽ കേന്ദ്രസർക്കാർ അറിവോടെ ആണെന്ന വാർത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  
 
അതേസമയം, പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.