പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ ചോർത്തിയതായി റിപ്പോർട്ട്

pega

ന്യൂഡല്‍ഹി: ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ, ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോര്‍ത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പതിനേഴ് മാധ്യമ സ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് 'ദ വയര്‍'ആണ് ഈ ഉദ്യമത്തില്‍ പങ്കാളിയായത്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്പറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്.

ഫോൺ ചോർത്തപ്പെട്ടവരുടെ കൂട്ടത്തിൽ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളുമുണ്ടെന്നാണ് സൂചന. സുപ്രിംകോടതി ജഡ്ജിയുടേയും നാൽപതിലേറെ മാധ്യമപ്രവർത്തകരുടേയും ഫോൺ വിവരങ്ങൾ ചോർത്തി. സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.  

ഉന്നതരുടെ ഫോൺ വിവരങ്ങൾ ചേർത്തപ്പെട്ടതായി ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഐ.ടി. നിയമത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവ ലംഘിച്ചു കൊണ്ടാണ് പെഗാസസ് ഉപയോഗിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്.  

ഹിന്ദുസ്ഥാന്‍ ടൈംസ്, ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് ചോര്‍ത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആയിരത്തിലധികം പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവമാണ് പുറത്തുവന്നിട്ടുള്ളത്. വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. 

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് സോഫ്റ്റ്‌വെയറാണ് വില്‍ക്കുന്നത്. അതേസമയം തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഉപയോഗിച്ചതാവാം എന്നതാണ് പെഗാസസിന്റെ നിലപാട്.  

എന്നാല്‍ ഫോണ്‍ ചോര്‍ത്തലില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ അനധികൃതമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.