2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

google news
PIL in Delhi HC challenges RBI decision to withdraw Rs 2000 denomination banknotes
 

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുളള്ള റിസർവ് ബാങ്ക് ഉത്തരവ്‌ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ആര്‍ബിഐ ആക്ട് 1934 പ്രകാരം നോട്ടുകള്‍ പിന്‍വലിക്കാനുള്ള അധികാരം ആര്‍ബിഐക്ക് ഇല്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് അതിനുള്ള അധികാരമെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ രജ്‌നീഷ് ഭാസ്‌കര്‍ ഗുപ്തയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അച്ചടിച്ചിറക്കിയ നോട്ടുകള്‍ കേവലം 4-5 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുന്നത് അന്യായവും ഏകപക്ഷീയവും പൊതുനയത്തിന് വിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവലോകനം ചെയ്യാതെയാണ് ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനം ആര്‍ബിഐ കൈക്കൊണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് പ്രകാരം ഏതെങ്കിലും മൂല്യമുള്ള ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്യാതിരിക്കാനോ നിർത്തലാക്കാനോ നിർദ്ദേശം നൽകാൻ ആർബിഐക്ക് സ്വതന്ത്ര അധികാരമില്ലെന്നും പ്രസ്തുത അധികാരത്തിൽ മാത്രമേ നിക്ഷിപ്തമാണെന്നും ഹർജിക്കാരൻ രജനീഷ് ഭാസ്‌കർ ഗുപ്ത സമർപ്പിച്ച ഹർജിയിൽ പറയുന്നു.  

ആർബിഐയുടെ 2023 മേയ് 19ലെ വിജ്ഞാപനമോ സർക്കുലറോ 1934ലെ ആർബിഐ നിയമത്തിലെ സെക്ഷൻ 24 (2) പ്രകാരം 2000 രൂപയുടെ മൂല്യം പ്രചാരത്തിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനമെടുത്തതായി പറയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. 2000 രൂപയുടെ മൂല്യം പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ അത്തരത്തിലുള്ള ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.

2000 രൂപ നോട്ടുകളുടെ കാലാവധി 4-5 വര്‍ഷം വരെയാണെങ്കില്‍, അതേ കാലയളവില്‍ അച്ചടിച്ച 500, 200, 100, 50, 20, 10, 5 രൂപ നോട്ടുകള്‍ക്കും ഇതേ കാലാവധിയായിരിക്കും ഉണ്ടാവുക. അങ്ങനെയെങ്കില്‍ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഏപ്പോള്‍ വേണമെങ്കിലും ഈ നോട്ടുകളും പിന്‍വലിച്ചേക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. നിലവില്‍ രാജ്യത്തുള്ള എല്ലാ നോട്ടുകളുടെയും കാലയളവ് എത്രയാണെന്നും എപ്പോഴാണ് ഈ നോട്ടുകള്‍ പിന്‍വലിക്കുകയെന്നതും സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ ആര്‍ബിഐ, ധനമന്ത്രാലയം എന്നിവ പുറത്തിറക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

ആര്‍ബിഐ വിജ്ഞാപനം വന്നതിനുപിന്നാലെ 2023 സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ക്ക് നിയമസാധുതയുണ്ടെന്നത് കണക്കിലെടുക്കാതെ ചെറുകിട കച്ചവടക്കാരും വ്യാപാരികളും 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. ഇത് രാജ്യത്ത് അപ്രതീക്ഷിത സാഹചര്യമുണ്ടാക്കിയെന്നും തങ്ങളുടെ ജോലി സമയത്ത് ബാങ്കുകളില്‍ പോയി 2000 രൂപ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും പൊതുജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Tags