
ന്യൂഡൽഹി: പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ. പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡൽഹി– ദുബായ് വിമാനത്തിൽ ഫെബ്രുവരി 27നായിരുന്നു സംഭവം.
വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുള്ള പൈലറ്റ് യാത്രക്കാരിയായ എയർ ഇന്ത്യ ജീവനക്കാരിയെ കോക്പിറ്റിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു. ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം അധികാരം ദുരുപയോഗം ചെയ്തതിന് പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡിജിസിഎ പറഞ്ഞു.
ഫെബ്രുവരി 27 ന് ഡൽഹി-ദുബായ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. കാബിൻ ക്രൂവിലൊരാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. എയർ ഇന്ത്യയുടെ സിഇഒ കാംബെൽ വിൽസണിന് ഈ കാബിൻ ക്രൂ കത്തെഴുതുകയായിരുന്നു. നിയമപ്രകാരം കോക്പിറ്റിനുള്ളിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല.
സുരക്ഷാ ലംഘനം സംബന്ധിച്ച് എയർ ഇന്ത്യ സിഇഒയെ വിവരം അറിയിച്ചിട്ടും ഉടനടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. കേസിലെ പരാതിക്കാരൻ മാർച്ച് ആദ്യമാണ് സിഇഒയ്ക്ക് കത്തയച്ചത്. എന്നാൽ പ്രതികരണം ഉണ്ടായില്ല. പിന്നീട് സംഭവം ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദമായത്.