'പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു'; പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി

modi
 

ഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക‌്ട്രേറ്റ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.