മുംബൈയിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

narendra modi

മംബൈ : കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്പൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ 22 പേര്‍ മരണപ്പെട്ടു. 

അതേസമയം ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോളിയിലെ സൂര്യനഗറില്‍ നിന്ന് ഒന്‍പത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. കനത്ത മഴയില്‍ പല വീടുകളും പൂര്‍ണമായും നശിച്ചു. തുടര്‍ച്ചയായ ദിവസങ്ങളിലായി  പ്രദേശത്ത് അതിശക്തമായ മഴയാണ്. കനത്ത മഴയെ തുടര്‍ന്ന് മെട്രോ സ്റ്റേഷനില്‍ ഉള്‍പ്പടെ വെള്ളം കയറി.ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മുംബയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു.