പ്രതിഷേധത്തിൽ കുടുങ്ങി പ്രധാനമന്ത്രി; ഫ്ലൈ ഓവറിൽ കാത്തുകിടന്നത്​ 20 മിനിട്ട്​; വന്‍ സുരക്ഷാവീഴ്ചയെന്ന്​ കേന്ദ്രം

pm stuck on punjab flyover says it as security lapse

പഞ്ചാബ്​: പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയില്‍ സുരക്ഷാവീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പ്രതിഷേധങ്ങള്‍ മൂലം പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളം വഴിയില്‍ കുടുങ്ങി. ഫിറോസ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലി മാറ്റിവച്ച് പ്രധാനമന്ത്രി മടങ്ങി. പഞ്ചാബ് പോലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. 

പഞ്ചാബിലെ സുരക്ഷാവീഴചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച്​ നേരത്തെ തന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. അതിന്​ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചാബ്​ ബാധ്യസ്ഥരാണ്​. എന്നാൽ, ഇത്​ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

കാലാവസ്ഥ മോശമായതിനാലാണ്​ ദേശീയ രക്​തസാക്ഷി മെമ്മോറിയലിലേക്ക്​ പ്രധാനമന്ത്രി റോഡിലൂടെ പോകാൻ തീരുമാനിച്ചത്​. മുൻകൂട്ടി ഇക്കാര്യം പഞ്ചാബ്​ ഡിജിപിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മെമ്മോറിയൽ എത്തുന്നതിന്​ 30 കിലോമീറ്റർ മുമ്പ്​ ഫ്ലൈഓവറിൽ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കുന്നു.

അതേസമയം, കോവിഡ് കേസുകൾ ഉയർന്നതോടെ യുപി നിയമസഭ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ബിജെപി യും കോൺഗ്രസും. ഒമ്പതിന് ലഖ്നൗവിൽ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി റദ്ദാക്കിയതായി ബിജെപി അറിയിച്ചു. നാളെ ഗൗതം ബുദ്ധ നഗറിൽ നടത്താനിരുന്ന പൊതുപരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റദ്ദാക്കി. 

15 ദിവസത്തേക്ക് മഹാ റാലികൾ ഒന്നും നടത്തേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. സാഹചര്യം വിലയിരുത്തി ഭാവി പരിപാടികൾ നിശ്ചയിക്കുമെന്നും എല്ലാ പാർട്ടികളും സമാന നിലപാട് സ്വീകരിക്കണമെന്നും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ ആവശ്യപ്പെട്ടു.