കോവിഡ് വ്യാപനം: ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി; സ്ഥിതിഗതികള്‍ വിലയിരുത്തി

PM Modi chairs review meeting amid rising Covid cases
 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രോഗവ്യാപനത്തിന് പുറമേ കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം, മുന്‍കരുതല്‍ ഡോസ് വിതരണം എന്നിവയും യോഗം വിലയിരുത്തി. 

കഴിഞ്ഞ ഡിസംബർ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജാഗരൂകരാകണമെന്ന് അന്ന് ഉദ്യോഗസ്ഥർക്ക് മോദി നിർദേശം നൽകി. കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി പറഞ്ഞു.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം എൺപതിനായിരത്തിലും താഴെ എത്തിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ആശങ്കയേറിയത്. ആരോഗ്യ പ്രവർത്തകർക്കും വ്യാപകമായി രോഗം പിടിപെടാൻ തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. 

രാജ്യത്ത്  24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 10.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55കോടിയായി. 40,863 പേര്‍ക്ക് രോഗ മുക്തി. 327 പേര്‍ മരിച്ചു.  

രാജ്യത്ത് ഇതുവരെയായി 3,623 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 1,009 പേര്‍ക്ക് രോഗം കണ്ടെത്തി. കേരളം അഞ്ചാം സ്ഥാനത്താണ്. 333 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെയായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേര്‍ രോഗ മുക്തരായി. ആകെ മരണം 4,83,790. രാജ്യത്ത് ഇതുവരെയായി 151.58 കോടി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.