ചെങ്കോട്ടയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി, നിരോധനാജ്ഞ

google news
Police Crack Down On Congress Protest At Red Fort
 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലും അദാനി വിഷയത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ചെങ്കോട്ട മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. 

കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പ്രതിഷേധിച്ചു. പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.

 
രാത്രി 7 മണിയോടെയാണ് പന്തം കൊളുത്തി പ്രതിഷേധത്തിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്കെത്തിയത്. എന്നാല്‍, പന്തംകൊളുത്തി പ്രകടനം നടത്തിയാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുണ്ടാരാജാണ് നടക്കുന്നതെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു. 

സമാധാനപൂര്‍ണമായ മാര്‍ച്ചായിരിക്കും നടത്തുക എന്ന് കോണ്‍ഗ്രസ് നേരത്തേതന്നെ അറിയിച്ചിരുന്നു. ചെങ്കോട്ട മുതല്‍ ടൗണ്‍ഹാള്‍ വരെ നീണ്ടുനില്‍ക്കുന്ന ഒന്നരക്കിലോമീറ്റര്‍ പ്രദേശത്തായിരുന്നു മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്. മുഴുവന്‍ കോണ്‍ഗ്രസ് എം.പി.മാരും നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കമ്യൂണിക്കേഷന്‍ ചുമതലയുള്ള ജയ്‌റാം രമേശും അറിയിച്ചിരുന്നു.
 
അതേസമയം സംഘടനയുടെ വിവിധ തലങ്ങളില്‍ ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജയ് ഭാരത് സത്യാഗ്രഹ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ബുധനാഴ്ച ആരംഭിക്കും. ദേശീയ തലത്തിലെ സത്യാഗ്രഹം ഏപ്രില്‍ എട്ടിന് സമാപിക്കും. തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ 20 വരെ ജില്ലാതലത്തിലും ഏപ്രില്‍ 20 മുതല്‍ 30 വരെ സംസ്ഥാന തലത്തിലും സത്യാഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹത്തില്‍ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനമുണ്ട്. സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ ക്ഷണിക്കാന്‍ ഡി.സി.സികള്‍ക്ക് നിര്‍ദേശമുണ്ട്. സംസ്ഥാന തലത്തിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാവും.

Tags