പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്

prasanth kishor
 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്. അടുത്ത മാസം ഏഴിന് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. അഴിച്ചുപണി ലക്ഷ്യമിട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിർണായക നീക്കം. അടുത്ത മാസം 13, 14 തീയതികളിൽ ചിന്തൻ ശിബിർ നടക്കും.


പ്രശാന്ത് കിഷോറുമായി ഇതിനോടകം രണ്ട് തവണ കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തികഴിഞ്ഞു. നല്‍കിയ പദ്ധതികളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുമായായിരുന്നു ഏപ്രില്‍ 18ന് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തില്‍ ദിഗ്‍വിജയ് സിങ്, കമല്‍നാഥ്, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും പ്രശാന്ത് കിഷോറും പങ്കെടുത്തു. 600 ഓളം സ്ലെഡുകള്‍ ഉള്ള വമ്പന്‍‍ പദ്ധതിയാണ് പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചത് എന്നാണ് വിവരം.

2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത് കര്‍ണാടക ,മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് ചർച്ച ചെയ്യുകയാണ്.  


സോണിയാഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായും കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ പുനരുജ്ജീവന പദ്ധതിയും സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും 2024 പൊതു തിരഞ്ഞെടുപ്പിലും വിജയിക്കാനുള്ള തന്ത്രത്തിന്റെ രൂപരേഖയും അവതരിപ്പിച്ചു. 

ഈ പദ്ധതിയുടെ രൂപരേഖ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചും പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ചും ഈ മുതിര്‍ന്ന നേതാക്കളോട് കോണ്‍ഗ്രസ് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നാണ് വിവരം.
 

പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിലും മുന്നോട്ടുവച്ച ഫോർമുലയിലും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്ത് കിഷോറുമായി ജയറാം രമേശ്, അംബിക സോണി, കെ സി വേണുഗോപാൽ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവും പ്രശാന്ത് കിഷോറിന്റെ ഫോർമുലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കിഷോറിന്റെ സംഘടനയായ ഐപാക് അറിയിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത് കിഷോർ നിർദേശിച്ചതായാണ് വിവരം. പാർട്ടിയെ നവീകരിക്കാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ പ്രാവർത്തികമാകുന്നതോടെ തങ്ങളിൽ പലരുടേയും സ്ഥാനങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും മുതിർന്ന നേതാക്കൾക്കുണ്ട്.