ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; ആശങ്കയറിയിച്ച് രാഷ്ട്രപതി

google news
ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; ആശങ്കയറിയിച്ച് രാഷ്ട്രപതി
 

ന്യൂഡൽഹി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശങ്ക അറിയിച്ചതായി ഡല്‍ഹി ക്രൈസ്തവ കൂട്ടായ്മ. ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.

രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമണങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അവ പരിശോധിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും ബിഷപ്പ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അക്രമം വർധിക്കുകയാണെന്നും അവ അവസാനിപ്പിക്കാൻ എല്ലാ വിഭാഗം ആളുകളുമായി സംവാദങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിർബന്ധിത മതപരിവർത്തനം ഒരിടത്തും നടക്കുന്നില്ലെന്നും അത്തരം ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചക്ക് ബിഷപ്പിനെ ക്ഷണിച്ചത്.

യുപി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു രാഷ്ട്രപതി ഉറപ്പുനല്‍കി. ഗ്രാമീണ മേഖലയില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഉറപ്പാക്കാന്‍ സഭാ നേതൃത്വം നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു.
 

Tags