പ്രധാനമന്ത്രിയുടെ സുരക്ഷവീഴ്ച്ചയിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ram nath kovid and modi

ന്യൂഡൽഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സങ്കീർണമാവുകയാണ്. പ്രധാനമായും ബിജെപി കോൺഗ്രസ് പാർട്ടികൾക്കിടയിലാണ് വിവാദം.

സംഭവത്തിൽ പഞ്ചാബ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്രഏജൻസികൾ മുന്നറിയിപ്പ് നൽകിയതിൻ്റെ തെളിവുകൾ പുറത്തുവന്നു. പ്രാഥമിക റിപ്പോർട്ട് പഞ്ചാബ് സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കും. സംഭവത്തെക്കുറിച്ച് റിട്ടയേർഡ് ജസ്റ്റിസ് മെഹ്താബ് സിങ് ഗിൽ, ജസ്റ്റിസ് അനുരാഗ് വർമ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ സമിതി അന്വേഷിച്ച് മൂന്ന് ദിവസത്തിനകം പഞ്ചാബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചാബിലെ 7 ജില്ലകളിൽ കാര്യമായ സ്വാധീനം സംഘടനയ്ക്കുണ്ട്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി.

പകരം റോഡുമാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ് പി ജിക്ക് ഉറപ്പു നല്‍കി. എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടയുകയായിരുന്നു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഫ്ളൈഓവറിൽ കിടന്നു. പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് നേരത്തെ അറിയിപ്പ് ലഭിച്ചെന്നും എന്നാൽ പോലീസിൻ്റെ വാക്കുകൾ വിശ്വാസ്യയോഗ്യമായി തോന്നിയില്ലെന്നും കർഷക സംഘടന നേതാവ് സുർജിത് സിങ് ഫൂൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ച് ജനുവരി 1,2,4 തീയതികളിൽ പഞ്ചാബ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചതിൻ്റെ തെളിവ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. പഞ്ചാബിനെ പഴിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിയും സുരക്ഷാവീഴ്ച്ച നാടകമാണെന്ന് നവ്ജ്യോത് സിങ് സിദ്ധുവും പറഞ്ഞു.

പഞ്ചാബ് ഡിജിപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പ്രാഥമിക ഉത്തരവാദിത്വം എസ് പി ജിക്കും ഐബിക്കുമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നടന്നതെന്ന് പഞ്ചാബ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ പ്രതികരിച്ചു.