ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷാ​ദൗ​ത്യ​ത്തിനാണ് മു​ൻ​ഗ​ണ​ന; താ​ലി​ബാ​ന്‍ ച​ർ​ച്ചയി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേന്ദ്രം

ari
 

ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. 
നിലവില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമല്ല. പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ തന്നെ കാബൂളില്‍നിന്ന് ഇന്ത്യക്കാരെ പൂർണമായി തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

താ​ലി​ബാ​നു​മാ​യി തു​ട​ർ​ച​ർ​ച്ച ഉ​ണ്ടാ​കു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഫ്ഗാ​ൻ സെ​ൽ തു​ട​രും. ദോ​ഹ​യി​ലെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അഫ്ഗാനിലെ സര്‍ക്കാര്‍ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് അറിയില്ലെന്നും അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതു തരത്തിലുള്ള സര്‍ക്കാരാണ് അഫ്ഗാനിസ്താനില്‍ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി വ്യക്തമാക്കി. അതേക്കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബാഗ്ചി പറഞ്ഞു. 
 
ചൊവ്വാഴ്ച ഇന്ത്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയുടെ ഖത്തറിലെ അംബാസിഡര്‍ ദീപക് മിത്തല്‍, താലിബാന്റെ ദോഹയിലെ രാഷ്ട്രീയ ഓഫീസ് മേധാവി മൊഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്.