പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല: സുപ്രീം കോടതി

supreme

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ പരോളില്‍ കഴിയുന്നവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ജയിലുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടരുതെന്ന് നിര്‍ദേശം നല്‍കിയത്. 

തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കാനാണ് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ച് ദിവസത്തിനകം കൈമാറാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്. 

ജയിലുകളില്‍ കോവിഡ് പടരാതിരിക്കാന്‍ പരോള്‍ അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ സംസ്ഥാന ഉന്നതാധികാര സമിതികളോട് സുപ്രീം കോടതി ഇക്കഴിഞ്ഞ മെയ് ഏഴിനു നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, കോവിഡ് ഒന്നാം തരംഗത്തിനിടെ പരോള്‍ ലഭിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു.