ഉത്തര്‍പ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; പ്രിയങ്ക നയിക്കും

priyanka
 

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തന്നെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനം. യുപിയില്‍ പ്രിയങ്ക മുന്നില്‍ നിന്ന് നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മല്‍സരത്തിനിറങ്ങുമെന്ന് ഖുര്‍ഷിദ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രിയങ്ക പ്രഖ്യാപിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. സഖ്യം എന്നത് ഹൃദയത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. ഏതെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിന് ആഗ്രഹിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

കോണ്‍ഗ്രസ് പ്രകടനപത്രിക സാധാരണ ജനങ്ങളുടെ ശബ്ദമായിരിക്കും. പ്രകടനപത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷക പ്രശ്‌നം, സ്ത്രീ സുരക്ഷ തുടങ്ങിയവയ്ക്ക് പ്രധാന ഊന്നല്‍ നല്‍കും. ആരോഗ്യമേഖലയ്ക്കും പ്രധാന പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.