ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് രോഹിത് വെമുലയുടെ അമ്മ; ചേര്‍ത്ത് പിടിച്ച് രാഹുല്‍

ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് രോഹിത് വെമുലയുടെ അമ്മ; ചേര്‍ത്ത് പിടിച്ച് രാഹുല്‍
 

ഹൈദരാബാദ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെത്തി. രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയും രാഹുലിനൊപ്പം അണിചേർന്നു.  രാധികയുമൊത്തുള്ള ചിത്രങ്ങള്‍ രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

2016ൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരിക്കെ യൂണിവേഴ്‌സിറ്റി അധികാരികളുടെ വേട്ടയാടലിനെ തുടർന്നാണ് ദലിത് സമുദായാംഗമായ രോഹിത് ആത്മഹത്യ ചെയ്തത്.

സാമൂഹിക വിവേചനത്തിനും അനീതിയ്ക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുല, അത് അങ്ങനെ തന്നെ തുടരും. രോഹിത്തിന്റെ അമ്മയെ കണ്ടുമുട്ടിയതിന് പിന്നാലെ ഈ യാത്രയുടെ ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള പുതുധൈര്യവും മനസ്സിന് പുതുശക്തിയും ലഭിച്ചുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ദളിതനായതില്‍ സര്‍വകലാശാല അധികൃതരില്‍നിന്ന് വിവേചനവും പീഡനവും നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് 26-കാരനായ രോഹിത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നിരുന്നു.

യാത്രയിലെ വൻ ജനപങ്കാളിത്തം തെലങ്കാനയിൽ അധികാരത്തിൽ വരാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ്. വിവിധ എൻജിഒ പ്രതിനിധികളും ആക്ടിവിസ്റ്റുകളും രാഹുൽ ഗാന്ധിയെ കാണാനെത്തുന്നത് വലിയ പ്രതീക്ഷയാണെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. തെലങ്കാനയിലെ പല പ്രാദേശിക സംഘടനാ നേതാക്കളും യാത്രക്ക് പിന്തുണ പ്രഖ്യാപിക്കുകയും രാഹുൽ ഗാന്ധിക്കൊപ്പം അണിചേരുകയും ചെയ്തിട്ടുണ്ട്.