അഴിമതിക്കാര്യത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ലോകറെക്കോഡ് ഭേദിച്ചു; ആഞ്ഞടിച്ച് രാഹുൽ

ബെംഗളൂരു: കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഴിമതിക്കാര്യത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ലോകറെക്കോഡ് ഭേദിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച കര്‍ണാടകയിലെ തീര്‍ഥഹള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി തന്നെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. മോദിക്കുവേണ്ടിയല്ല കര്‍ണാടകയിലെ ജനങ്ങള്‍ക്കും അവരുടെ ഭാവിക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങള്‍ അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണെന്നും രാഹുല്‍ പറഞ്ഞു.
പൊതുമരാമത്ത് പ്രവൃത്തികളില്‍ സംസ്ഥാനസര്‍ക്കാര്‍ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായി കര്‍ണാടക കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പരാതിപ്പെട്ടിട്ടും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായതായും ജിഎസ്ടിയും രൂപയുടെ മൂല്യച്യുതിയും രാജ്യത്തിന്റെ വാണിജ്യമേഖലയെ മോശമായി ബാധിച്ചതായും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കളായ യെദ്യൂരപ്പയുടേയോ ബസവരാജ ബൊമ്മയുടേയോ പേര് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് അവരെ ഭയപ്പെടുന്നതുകൊണ്ടാണോയെന്നും രാഹുല്‍ പരിഹസിച്ചു.