രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനം വീണ്ടും മാറ്റി

google news
Rahul Gandhi
 

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശന തീയതി വീണ്ടും മാറ്റി. ഈ മാസം പത്തിലെ പരിപാടി പതിനാറിലേക്ക് മാറ്റിയതായാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
  
സിദ്ധരാമയ്യ കോലാറിൽ മത്സരിക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദർശനത്തീയതി മാറ്റിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യതയും അതിന്മേലുണ്ടായ ദേശീയ പ്രതിഷേധവും അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രാഹുലിന്റെ പ്രചാരണ പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകാത്ത സാഹചര്യവും കോൺഗ്രസിനുള്ളിലെ തർക്കങ്ങളുമാണ് പരിപാടിയുടെ തീയ്യതികൾ മാറ്റാനുള്ള കാരണമെന്നാണ് സൂചന.

പരിപാടി നടക്കേണ്ട കോലാറിൽ ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ മത്സരിയ്ക്കണമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ട പട്ടികയിൽ തന്നെ വരുണ മണ്ഡലമാണ് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് നൽകിയത്.
 
 
സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25 സീറ്റുകളിലാണ് തർക്കം നിലനിൽക്കുന്നത്. ഇതിനിടെ, രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

 

Tags