ബിജെപിയുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പാര്‍ട്ടി വിരുദ്ധമല്ല: സച്ചിന്‍ പൈലറ്റ്

google news
sachin pilot
 

ജയ്പുർ: ബിജെപിയുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പാര്‍ട്ടി വിരുദ്ധമല്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. നിരാഹാര സമരം നടത്തിയതിന് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നടപടി സ്വീകരിക്കുമെന്ന എസ്.എസ്.രണ്‍ധാവെയുടെ പ്രതികരണം ഞെട്ടിച്ചുവെന്നു പൈലറ്റ് പ്രതികരിച്ചു. മുൻ ബിജെപി സ‍‍ർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ നിരാഹാര സമരം നടത്തിയത്. 

അതേസമയം, രാജസ്ഥാനില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ച സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് നോട്ടീസ് അയച്ചു. ഏകദിന ഉപവാസത്തിൽ പാര്‍ട്ടി നേതൃത്വം സച്ചിന്‍ പൈലറ്റിനോട് വിശദീകരണം തേടി. 

"മുൻ സർക്കാരിന്റെ അഴിമതികൾക്കെതരെ നടപടിയെടുക്കാതെ ഞാൻ പിന്മാറില്ല. നിരാഹാര സമരം നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സത്യം പറയുന്നതും, അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുന്നതുമാണ് കോൺഗ്രസ് പാർട്ടിയുടെ മൂല്യം. ഈ മൂല്യങ്ങൾ പിന്തുടർന്ന് ഞാൻ ഏപ്രിൽ 11ന് നിരാഹാരം അനുഷ്ഠിച്ചിരുന്നു. അതുകഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. 
അതിനാൽ ഞാൻ ഒരുവട്ടം കൂടി സർക്കാരിനോട് അപേക്ഷിക്കുകയാണ് അഴിമതിക്കാർക്കെതിരെ നടപടിയെടുത്ത് ജനങ്ങൾക്കു കൊടുത്ത വാക്ക് പാലിക്കണം. അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാകും."– സച്ചിൻ പൈലറ്റ് ചോദിച്ചു.


മുൻ ബിജെപി സ‍‍ർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റിന്റെ നിരാഹാരം നടത്തിയത്. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സമരം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. 

ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‍ലോട്ടിന്‍റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിക്കുകയും ചെയ്തു. എന്തുകൊണ്ട് ഗെഹ്‍ലോട്ട് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയില്ലെന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചു.

Tags