സവർക്കർ സ്വാതന്ത്ര്യസമര സേനാനി; മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം: രാജ്‌നാഥ് സിങ്

rajnath singh
 

ന്യൂഡല്‍ഹി: വീര്‍സവര്‍ക്കര്‍ (Vinayak Damodar Savarkar) സാമൂഹിക പരിഷ്കർത്താവായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് (Rajnath singh) .  മഹാത്മാ ഗാന്ധിയുടെ (Mahathma Gandhi)  നിര്‍ദേശ പ്രകാരമായിരുന്നു സവർക്കർ മാപ്പ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. ഉദയ് മഹുർക്കർ രചിച്ച 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ' എന്ന പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തത്ത്വത്തില്‍ ഏറ്റവും വലിയ ദര്‍ശകനായിരുന്നു സവര്‍ക്കറെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സര്‍വക്കർ. നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ല. സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ല. അദ്ദേഹം എപ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കും. ചില ആളുകള്‍ ചില പ്രത്യേയശാസ്ത്രങ്ങളുടെ പേരില്‍ സവര്‍ക്കറെ ചോദ്യം ചെയ്യുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.