മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇത്ര ധൃതിയെന്തിന്; ഈ രാത്രി കൂടി കാത്തിരിക്കൂ എന്ന് സുർജെവാല

ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് എന്തിനാണ് ഇത്ര ധൃതിയെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല. ഈ രാത്രി കൂടി കാത്തിരിക്കൂവെന്നും എഐസിസി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോർട്ടിന് മേലെ ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നാളെയും ചർച്ച തുടരും.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കെ.സി വേണുഗോപാലും സുശീൽ കുമാർ ഷിൻഡെയും അടക്കമുള്ള നേതാക്കൾ നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞു. അനുനയ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചതേയുള്ളൂ എന്നും കോൺഗ്രസ് അധ്യക്ഷൻ സംസ്ഥാന നേതാക്കളുമായും ദേശീയ നേതാക്കളുമായും കൂടിയാലോച്ച് തീരുമാനം എടുക്കുമെന്നും സുർജെവാല വ്യക്തമാക്കി. സമവായം കണ്ടെത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഡൽഹിയിലേക്കുള്ള യാത്ര ഡി.കെ ശിവകുമാർ റദ്ദാക്കിയിരുന്നു. ശാരീരിക അസ്വസ്ഥതകൾ കാരണമാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും. ഇതിൽ ഒരു സമവായത്തിലെത്താൻ സാധിക്കാത്തതാണ് അന്തിമ തീരുമാനത്തിന് തടസമാവുന്നത്.
അതിനിടെ നിരീക്ഷകരുടെ റിപ്പോർട്ടിലെ സുപ്രധാന വിവരം പുറത്തുവന്നു. കർണാടക നിയമസഭയിലേക്ക് ജയിച്ച 136 കോൺഗ്രസ് അംഗങ്ങളിൽ 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 45 നിയമസഭാംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് താത്പര്യപ്പെടുന്നത്. അവശേഷിക്കുന്ന ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേ എന്നാണ് നിലപാടെടുത്തത്.