'അഞ്ചുവർഷത്തോളമുള്ള ബന്ധം പീഡനമായി കണക്കാക്കാനാകില്ല'; യുവാവിനെ വെറുതെ വിട്ട് കർണാടക ഹൈക്കോടതി

 Karnataka High Court
 

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ യുവാവിനെ വെറുതെവിട്ട് കർണാടക ഹൈക്കോടതി. അഞ്ചു വർഷത്തോളം സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികബന്ധം സാധ്യമാകില്ലെന്നും ഇതിനെ പീഡനമായി കണക്കാക്കാനാകില്ലെന്നും നിരീക്ഷിച്ചാണ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്. അഞ്ചുവർഷം ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹവാ​ഗ്ദാനത്തിൽ നിന്നും യുവാവ് പിൻമാറിയ സംഭവത്തിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് നാ​ഗപ്രസന്നയാണ് യുവാവിനെ വെറുതെ വിട്ട് വിധി പുറപ്പെടുവിച്ചത്. 

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെതിരെ പെൺകുട്ടി പരാതി നൽകിയത്. കല്യാണം കഴിക്കുമെന്ന ഉറപ്പിൽ പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ യുവാവ് പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ ഉന്നയിച്ചു. പരാതിയിൽ ബംഗളൂരു 53-ം സിറ്റി സിവിൽ-സെഷൻസ് കോടതി യുവാവിനെതിരെ ലൈംഗികപീഡന, വിശ്വാസ വഞ്ചനാ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

സെഷൻസ് കോടതി വിധിക്കെതിരെ യുവാവ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചു വർഷമായി താനും യുവതിയും പ്രണയത്തിലായിരുന്നുവെന്ന് ഇയാൾ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ സമ്മതിച്ചു. വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടുപേരും വ്യത്യസ്ത ജാതിക്കാരായതു വിവാഹത്തിനു തടസമായെന്നും യുവാവ് കോടതിയിൽ വാദിച്ചു.

എന്നാൽ അഞ്ചുവർഷത്തെ ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ബന്ധം നിലനിന്നിരുന്ന സമയത്തുള്ള സാമ്പത്തിക ഇടപാടുകൾ 406ാം വകുപ്പ് പ്രകാരമുള്ള വിശ്വാസ വഞ്ചനയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.