ഗിനിയിൽ തടവിലായവരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ഗിനിയിൽ തടവിലായവരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
 

തിരുവനന്തപുരം: ഗിനിയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാന്‍ നീക്കം. 15 പേരെ നൈജീരിയയ്ക്ക് കൈമാറാന്‍ ലൂബാ തുറമുഖത്ത് എത്തിച്ചതായി തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് പറഞ്ഞു. തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.


ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ജീവനക്കാരെ മലാവെ ദ്വീപിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ജീവനക്കാരെ ലൂബാ തുറമുഖത്ത് എത്തിച്ചത്. ജീവനക്കാരെ നൈജീരിയന്‍ നേവിക്ക് കൈമാറാനാണ് നീക്കം. നൈജീരിയയില്‍ ജീവനക്കാരെ എത്തിക്കുന്നതോടെ അവിടെ അവര്‍ നിയമനടപടി നേരിടേണ്ടിവരും. 

മോചനത്തിനായി എല്ലാ ശ്രമവും തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 16 ഇന്ത്യക്കാര്‍ തടവിലെന്നാണ് വിവരം. കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി നല്‍കി.

കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്‍റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു. 

ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികൾ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയൽ ഗിനി യുദ്ധകപ്പലിൽ പാർപ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചു. ഗിനിയിൽ തന്നെയുള്ള ലൂബ തുറമുഖം വഴി കൊണ്ടുപോകുമെന്ന് ഇപ്പോൾ സൈന്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.