ഡ്രില്ലിങ് യന്ത്രം തകരാറിലായി; ഉത്തരാഖണ്ഡ് രക്ഷാദൗത്യത്തിൽ പ്രതിസന്ധി

google news
uk
 chungath new advt

ന്യൂഡല്‍ഹി: ഉത്തരകാശി സില്‍ക്യാരയിലെ ദേശീയപാതയില്‍ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി. വെള്ളിയാഴ്ച ഹൈപവര്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം സ്തംഭിച്ചതാണ് വെല്ലുവിളിയുയര്‍ത്തുന്നത്.

ആറാം ദിനത്തിലേക്ക് കടന്ന രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സിൽക്യാര ടണലിൽ 125 മണിക്കൂർ പിന്നിട്ട ദൗത്യത്തിൽ ആശങ്ക പടരുകയാണ്. ഡല്‍ഹിയിൽ നിന്നുമെത്തിച്ച ഡ്രില്ലിങ് മെഷീൻ പ്രവർത്തനക്ഷമമായതോടെ ദൗത്യത്തിന് വേഗത കൈവന്നിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്. വ്യാഴാഴ്ച രാവിലെ വലിയ പാറക്കല്ലിലിടിച്ച് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നന്നാക്കിയിരുന്നു.

60 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്ന് മാറ്റി വേണം തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്നടത്തേക്ക് എത്താൻ. സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകൾ ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോൾ പൂർത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്പി അർപൻ യദുവൻഷി വ്യക്തമാക്കി.

പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ  ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കൽ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന്  ഉത്തരഖാണ്ഡ് സർക്കാർ വ്യക്തമാക്കി. 

അതേസമയം, രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മറ്റൊരു ഡ്രില്ലിങ് യന്ത്രം ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡോറില്‍ നിന്നും വിമാനമാര്‍ഗം ശനിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു