'എതിർലിംഗത്തിൽപെട്ടവർ തമ്മിലാണ് വിവാഹം നടക്കേണ്ടത്'; സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസ്

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസും രംഗത്ത്. സ്വവർഗ വിവാഹം ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളെ പറഞ്ഞു. ഹരിയാനയിലെ സമൽഖയിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹം നടക്കേണ്ടത് എതിർലിംഗത്തിൽപെട്ടവർ തമ്മിലാണെന്നും വിവാഹം സാമൂഹിക താൽപര്യം മുൻനിർത്തിയ ആചാരമാണ്, കരാറല്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കാരത്തിൽ വിവാഹം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത് നടക്കുന്ന ഒന്നല്ല. ഇതൊരു സ്ഥാപനമാണ്. ഇത് കേവലം രണ്ട് പേരുടെ കൂടിച്ചേരലല്ല. കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ ഒന്നാണ്. ശാരീരികവും ലൈംഗികവുമായ ആസ്വാദനത്തിനുള്ളതല്ല. അതാണ് ഹിന്ദു സംസ്കാരം ഹൊസ്ബളെ പറഞ്ഞു.
ലണ്ടൻ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആർഎസ്എസിനെ വിമർശിച്ചതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അതിനെക്കുറിച്ചു പ്രതികരിക്കേണ്ടതില്ലെന്നു ഞാൻ കരുതുന്നു. സ്വന്തം രാഷ്ട്രീയ അജണ്ടയാണ് അവർ പിന്തുടരുന്നത്. ആർഎസ്എസിന്റെ യാഥാർഥ്യം എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കൂടുതൽ ഉത്തരവാദിത്തം പ്രകടിപ്പിക്കണം’’– അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിനെ മൗലികവാദ, ഫാഷിസ്റ്റ് സംഘടന എന്നു രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.