വിദ്വേഷ പ്രചാരണം: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്

Police case against BJP chief Annamalai
 

ചെന്നൈ: വിദ്വേഷ പ്രചാരണത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്. തമിഴ്നാട്ടില്‍ അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്‍റെ പേരിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ ഡിഎംകെ സര്‍ക്കാരിനെതിരെ അണ്ണാമലൈ രംഗത്തെത്തി. ‘നിങ്ങള്‍ക്ക് ഞാന്‍ 24 മണിക്കൂര്‍ സമയം തരാം. തമിഴ്നാട് പോലീസിന് എന്നെ തൊടാന്‍ ധൈര്യമുണ്ടോ, വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് ജനാധിപത്യത്തെ അടിച്ചമര്‍ത്താം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’ എന്ന് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ(1)(എ), 505(1)(ബി), 505(1)(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
 
വ്യാജപ്രചരണത്തെ തുടർന്ന് തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് മടങ്ങുന്നത് തുടരുകയാണ്. അന്വേഷണത്തിനായി ബിഹാറിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ ചെന്നൈയിലെത്തിയിട്ടുണ്ട്.


 
തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ നാല് പേർക്കെതിരെ  നേരത്തെ കേസെടുത്തിരുന്നു.  വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിയുയര്‍ത്തിയാല്‍ ഹെല്‍പ് ലൈനിലേക്ക് വിളിക്കണം. തമിഴ്നാട് സര്‍ക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളായി കണ്ട് സഹായിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.