തെങ്കാശി ശങ്കരൻകോവിലിനു സമീപം ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

തെന്മല: തമിഴ്നാട് തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. തിരുച്ചെന്തൂരിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. വൈകിട്ട് ആറോടെ തിരുനെൽവേലി-ശങ്കരൻകോവിൽ റോഡിൽ പനവടാലിചത്രം കടക്കുമ്പോൾ സ്‌കൂൾ ബസ് എതിരെ ഇടിക്കുകയായിരുന്നു.
ഗുരുസാമി (45), ഭാര്യ വെളുത്തായി (38), മകൻ മനോജ് (22), അമ്മായിയമ്മ ഉദയമ്മാൾ (60), കാർ ഡ്രൈവർ അയ്യനാർ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌കൂൾ ബസിലുണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റു.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം തകർന്ന കാറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ശങ്കരൻകോവിൽ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ തെങ്കാശി ജില്ലാ കലക്ടർ ദുരൈ രവിചന്ദ്രന്‍ ഉത്തരവിട്ടു.