തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു; ചെന്നൈയിലെ സ്‌കൂളില്‍ 30 പേര്‍ക്ക് കൊവിഡ്

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു; ചെന്നൈയിലെ സ്‌കൂളില്‍ 30 പേര്‍ക്ക് കൊവിഡ്
 

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കും പത്ത് അധ്യാപകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഒരുവര്‍ഷത്തെ അടച്ചിടലിനുശേഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് കുട്ടികള്‍ക്കും അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്.


മാതാപിതാക്കളോടൊപ്പം ബംഗളുരു സന്ദര്‍ശിച്ച സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി കൊവിഡ് പൊസീറ്റീവായതിനെ തുടര്‍ന്നാണ് സ്‌കൂളില്‍ പരിശോധന നടത്തിയത്. 120 വിദ്യാര്‍ത്ഥികളില്‍ പരിശോധന നടത്തിയതില്‍ നിന്ന് ഇതുവരെ 20 പേരുടെ പരിശോധനാഫലമാണ് പൊസിറ്റീവായിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടിയന്തരമായി അടച്ചിടുമെന്ന് ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് സാധാരണ ക്ലാസുകള്‍ ആരംഭിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതിയുള്ളൂ.