സുരക്ഷാ വീഴ്ച ; പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പഞ്ചാബിലെ സുരക്ഷാ വീഴ്ചയിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷാ വീഴ്ച ഒരു തരത്തിലും അംഗീകരിക്കാൻ കഴയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വീഴ്ചയുണ്ടായവർക്കെതിരെ നടപടി വേണമെന്നും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പതിനഞ്ച് മിനിറ്റിലധികം ഒരു ഫ്ളൈ ഓവറിൽ കുടുങ്ങി കിടക്കുകയായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. പഞ്ചാബിലുണ്ടായത് കോണ്‍ഗ്രസ് നിർമിത സംഭവങ്ങങ്ങളാണ്. ജനം ആവർത്തിച്ച് തിരസ്കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കൾ ഇന്നത്തെ സംഭവങ്ങളിൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. സുരക്ഷ വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെ നടപടി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നൽകി.
എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ലൈ ഓവറിൽ കിടന്നു. എസ്പിജി ഉദ്യോഗസ്ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.
മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്റെ ചില ദൃശ്യങ്ങളും പുറത്തു വന്നു.
ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ദൗർഭാഗ്യകരമാണ്. പ്രതിഷേധത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.