'കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചു'; വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

Sexually Abused By Father In Childhood  Delhi Commission for Women chief Swati Maliwal
 

ന്യൂഡൽഹി: കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ. ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അവര്‍ വെളിപ്പെടുത്തി.  
 
''ചെറുപ്പത്തിൽ എന്റെ സ്വന്തം പിതാവ് എന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. സ്ഥിരമായി അടിക്കുമായിരുന്നു. അച്ഛൻ വീട്ടിലെത്തിയാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും, എനിക്ക് ഭയങ്ക പേടിയായിരുന്നു. ഇത്തരം പീഡനങ്ങൾ നേരിടുന്ന സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്നാണ് അക്കാലത്ത് ഞാൻ രാത്രി മുഴുവൻ ആലോചിച്ചിരുന്നത്. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിച്ചു. എന്നാൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യം എന്നിൽ ആളിക്കത്തിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു''-സ്വാതി മാലിവാൾ പറഞ്ഞു.

ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം 2015-ലാണ് സ്വാതി മാലിവാൾ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയായത്. പിന്നീട് കാലാവധി നീട്ടിനൽകുകയായിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഉപദേശകയായും പ്രവർത്തിച്ചിരുന്നു. ഹരിയാന എ.എ.പി മുൻ അധ്യക്ഷനായ നവീൻ ജയ്ഹിന്ദിനെയാണ് സ്വാതി മാലിവാൾ വിവാഹം കഴിച്ചത്. 2020ൽ ഇവർ വിവാഹമോചിതരായി.
 
അടുത്തിടെ ബി.ജെ.പി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായി ഖുശ്ബുവും എട്ടാം വയസിൽ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു.  ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.