അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി കർണാടക സർക്കാർ; ഉടൻ നടപ്പാക്കുമെന്ന് സിദ്ധരാമയ്യ

google news
Siddaramaiah govt first Cabinet meet gives nod for Congress guarantees
 

ബെംഗളൂരു: കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ, സിദ്ധരാമയ്യ സർക്കാർ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ്, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയത്.

ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും അതിനു ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് സർക്കാർ നടപ്പാക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
 
 
മന്ത്രിസഭ അംഗീകരിച്ച അഞ്ച് പദ്ധതികൾ

ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി.
കുടുംബനാഥകൾക്ക് ഓരോ മാസവും 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി
ബി.പി.എൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി വീതം നൽകുന്ന അന്ന ഭാഗ്യ.
തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങൾക്ക് രണ്ട് വർഷം പ്രതിമാസം 3000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് പ്രതിമാസം 1500 രൂപയും നൽകുന്ന യുവനിധി.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര


അധികാരമേറ്റ ഉടൻ തന്നെ ഈ പദ്ധതികൾ നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കർശന നിർദേശം നൽകിയിരുന്നു. 50,000 കോടി രൂപയാണ് പ്രതിവർഷം ഈ പദ്ധതികൾക്ക് ചെലവ് കണക്കാക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം പദ്ധതികൾ നടപ്പാക്കുന്നതിന്റെ വിശദമായ രൂപം വിശദീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 
 
കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി  ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കർണാടകയില്‍ ഇന്ന് അധികാരമേറ്റത്. 

ജി പരമേശ്വര കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങിൽ നിതീഷ് കുമാർ, മെഹബൂബ മുഫ്തി, എം കെ സ്റ്റാലിൻ, കമൽ നാഥ്, സീതാറാം യെച്ചൂരി, കമൽ ഹാസൻ, ഫാറൂഖ് അബ്ദുല്ല  എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

Tags