മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആശങ്കയുണ്ട്, കേന്ദ്ര സർക്കാർ നടപടിയെടുക്കണം: ആർഎസ്എസ്

പുണെ: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തള്ളി ആര്‍എസ്എസ് നേതൃത്വം. മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടുത്തെ സാഹചര്യം പ്രവര്‍ത്തകര്‍ അറിയിച്ചെന്നും മന്‍മോഹന്‍ വൈദ്യ പുണെയില്‍ നടക്കുന്ന ആര്‍എസ്എസ് യോഗത്തില്‍ പറഞ്ഞു. കുക്കി, മെയ്തെയ് വിഭാഗക്കാർക്ക് ആർഎസ്എസ് പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും വൈദ്യ പറഞ്ഞു.
രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണ്, സമാധാനം പുനഃസ്ഥാപിക്കും. ഇതായിരുന്നു പാര്‍ലമെന്റില്‍ പ്രതിപക്ഷം മുന്നോട്ടുവച്ച അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ ഖണ്ഡിക്കുന്നതാണ് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുടെ മണിപ്പൂര്‍ വിഷയത്തിലെ പ്രതികരണം. മണിപ്പൂരിലേത് മുറിവേല്‍പ്പിക്കുന്ന സാഹചര്യമാണെന്നും സംഘര്‍ഷത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത് എന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
രാജ്യത്തെ അധസ്ഥിത വിഭാഗക്കാരുടെ സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മന്‍മോഹന്‍ വൈദ്യ മറുപടി നൽകി. എസ്‌സി, എസ്ടി വിഭാഗക്കാർ സമൂഹത്തിൽ അവശത അനുഭവിക്കുന്നുണ്ട്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാമൂഹിക സമത്വം ഉറപ്പാക്കാനും ഭരണഘടന നിർദേശിക്കുന്നതു പ്രകാരമുള്ള സംവരണം നൽകണം. അടുത്ത കാലത്തായി എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം കൂടിവരുന്നത് പ്രത്യേക പരാമര്‍ശം അർഹിക്കുന്നതായും വൈദ്യ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പേരു പുരാതനകാലം മുതല്‍ തന്നെ ഭാരതമെന്നാണെന്നും അത് ഭാരതമായിത്തന്നെ തുടരണമെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഭാരതം എന്ന പേരിന് സാംസ്കാരിക മൂല്യമുണ്ടെന്നും ലോകത്തിൽ മറ്റൊരു രാജ്യത്തിനും രണ്ടു പേരില്ലെന്നും വൈദ്യ പറഞ്ഞു. ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുന്ന, സമാജത്തില്‍ സംസ്‌കാരത്തെ ഉറപ്പിക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം