വർക് ഷോപിനിടെ മുടിയിൽ തുപ്പിയത് കാണികളെ രസിപ്പിക്കാൻ; ക്ഷമ പറഞ്ഞ് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ്

celebrity hairstylist jawed habib apologises for spitting on womans hair

മുസാഫർന​ഗർ: പരിശീലനത്തിനിടെ സ്ത്രീയുടെ മുടിയിൽ തുപ്പിയതിന് ക്ഷമാപണം നടത്തി സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ്. മുസാഫർനഗറിലെ പരിശീലനത്തിനിടെ മുടിയിൽ തുപ്പിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ നേരിട്ടതിനെ തുടർന്നാണ് ജാവേദ് ഹബീബ് വിഷയത്തിൽ ക്ഷമാപണം അറിയിച്ചു.

വർക് ഷോപ് നടത്തുമ്പോൾ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങളാണ് ഇവയെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ‌ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജാവേദിന്റെ ക്ഷമാപണം. വർക് ഷോപ് സെഷനുകൾ ഏറെ നീണ്ടുപോകുമ്പോൾ അൽപം നർമം കലർത്താറുണ്ട്. അതിനു വേണ്ടി ചെയ്ത കാര്യമാണതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. 

സ്റ്റേജിൽ ഒരു സ്ത്രീയെ ഇരുത്തി ഇവരുടെ മുടി സ്റ്റൈൽ ചെയ്ത് കാണിക്കുകയായിരുന്നു ജാവേദ്. മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോ​ഗിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാൾ യുവതിയുടെ തലയിൽ തുപ്പിയതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. തെരുവിലെ ബാർബർ ഷോപ്പിലേക്ക് പോയാലും ഇവിടെ പോകില്ലെന്നാണ് വീഡിയോ കണ്ട പലരും പ്രതികരിച്ചത്. ദേശീയ വനിതാ കമ്മീഷനടക്കം അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു.  

സ്റ്റേജിലിരുന്ന യുവതി ബാഗ്പത്തിൽ നിന്നുള്ള പൂജ ഗുപ്തയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജാവേദ് ഹബീബിന്‍റെ പ്രവൃത്തിയിൽ താൻ അങ്ങേയറ്റം നിരാശയിലാണെന്നും വേദിയിൽ നാണംകെടേണ്ടി വന്നുവെന്നും പൂജ ഗുപ്ത പ്രതികരിച്ചു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി ഡയറക്ടർ ജനറലിന് കത്തയച്ചതായി ദേശീയ വനിതാകമീഷൻ അധ്യക്ഷയായ രേഖ ശർമ്മ വ്യാഴാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഹെയർ ആൻഡ് ബ്യൂട്ടി ലിമിറ്റഡിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജാവേദ് ഹബീബ്.