
ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാലിന് മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന നേതാവ് ടി.ആര്. ബാലുവിന്റെ മകന് ടി.ആര്.ബി. രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ക്ഷീരവികസനമന്ത്രി എസ്.എം. നാസറിനെ മന്ത്രിസഭയിൽനിന്നും നീക്കിയാണ് രാജയ്ക്ക് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
മന്നാര്‍ഗുഡിയില്‍നിന്നുള്ള എംഎല്‍എയാണ് ടി.ആര്.ബി. രാജ. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 35 അംഗ മന്ത്രിസഭയാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്.
ഡിഎംകെ ട്രഷററും പാർട്ടി ലോക്സഭാ ലീഡറുമായ ടി.ആർ. ബാലുവിന്റെ മകൻ കൂടിയാണ് രാജ. നിലവിൽ സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗമാണ്. മന്ത്രി എസ്.എം. നാസറുമായി ബന്ധപ്പെട്ട് അടുത്തിടെ പരാതി ഉയർന്നിരുന്നു.
ഏതാനും മാസങ്ങൾക്കുമുമ്പ്, പൊതുവേദിയിൽ തനിക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ വൈകിയതിൽ ക്ഷോഭിച്ച് തൊഴിലാളിക്ക് നേരെ മന്ത്രി കല്ല് എറിയുന്നതും കാമറയിൽ പതിഞ്ഞിരുന്നു.