ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ സംസ്ഥാനങ്ങള്‍

oxygen

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് വിഷയത്തില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 
 
ഓക്സിജന്‍ പ്രതിസന്ധി മൂലം ആരും മരിച്ചിട്ടില്ലെന്ന് പറയുന്നത് തികച്ചും തെറ്റാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും അഭിപ്രായപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്ത് നിരവധി മരണങ്ങള്‍ക്ക് കാരണമായതായി ജെയിന്‍ പറഞ്ഞു.

'കൊവിഡ് തന്നെയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പറയും. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചില്ലെങ്കില്‍, എന്തുകൊണ്ടാണ് ആശുപത്രികള്‍ ഹൈക്കോടതിയിലേക്ക് പോയത്'- അദ്ദേഹം ചോദിച്ചു.

രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ കുറവുണ്ടെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സമ്മതിച്ചു. നിര്‍ണായകമായ ഈ മാസങ്ങളില്‍ ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മ പറഞ്ഞു. 


കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സത്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ഓക്‌സിജന്‍ ക്ഷാമം മൂലം ബന്ധുക്കള്‍ മരിച്ചവര്‍ കേന്ദ്ര സര്‍ക്കാരിനെ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ കുറവ് മൂലം സംസ്ഥാനത്ത് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. ഓക്‌സിജന്‍ സംഭരണ പ്ലാന്റിലെ ചോര്‍ച്ചയെത്തുടര്‍ന്ന് ഏപ്രിലില്‍ നാസിക്കിലെ ഒരു ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ബിഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ പറഞ്ഞു. തങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചിരുന്നുവെന്നും കേന്ദ്രം ക്വാട്ട വര്‍ധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്റെ അഭാവം മൂലം സംസ്ഥാനത്ത് ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരും പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം സംസ്ഥാനത്ത് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യവും പറഞ്ഞു.