
ന്യൂഡല്‍ഹി: മോദിക്കെതിരായ ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' സംപ്രേക്ഷണം ചെയ്ത ബിബിസിക്ക് സമൻസ്. വിക്കിമീഡിയ ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആർക്കൈവ് എന്നിവയ്ക്കും സമൻസ് അയച്ചിട്ടുണ്ട്. ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി.
ഡൽഹി അഡീഷണൽ ജില്ലാ ജഡ്ജി രുചിക സിംഗ്ഗയാണ് സമൻസ് അയച്ചത്. ആർഎസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇവരെ തടയണമെന്നും ബിനയ് കുമാർ സിംഗ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തു. ബിബിസി ഇന്ത്യയുടെ 2012 മുതലുളള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് അന്ന് ആദായ നികുതി വകുപ്പ് നൽകിയ വിശദീകരണം.
കഴിഞ്ഞ ജനുവരിയിലാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന പേരിൽ ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് എംബസി രേഖകളും മുൻ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചായിരുന്നു ഡോക്യുമെന്‍ററി. ഡോക്യുമെന്‍ററിക്ക് സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.