സംവരണ വിധി തെറ്റ്, ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം; മണിപ്പൂർ ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം

google news
supreme court
 

ഡല്‍ഹി: മണിപ്പൂർ സംഘർഷത്തിൽ ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിമര്‍ശനം. ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്ന് സുപ്രിംകോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമര്‍ശിച്ചത്. 

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടി. മെയ്‌തെയ് ഗോത്രത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യേണ്ടി വരും. 

ആ വിധി പൂര്‍ണമായും വസ്തുതാ വിരുദ്ധമാണ്. പിഴവ് തിരുത്താന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എംവി മുരളീധരന് വേണ്ടത്ര സമയം നല്‍കിയിരുന്നു. എന്നാല്‍, പിഴവ് തിരുത്തപ്പെട്ടില്ല. ഇക്കാര്യത്തെ അതീവ ഗൗരത്തോടെ  കാണുന്നു. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി ജഡ്ജിമാര്‍ കൃത്യമായി പാലിക്കണം. 

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് വളരെ വ്യക്തമാണെന്നും ചീഫ് ജസ്റ്റീസ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കേസില്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ചിനെ തന്നെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 
 
വിഷയത്തിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ ഒരു വിഭാഗത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പിന്തുണച്ചത് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

മണിപ്പൂര്‍ സംഘര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങൾ, മരണവും മറ്റ് നാശനഷ്ടങ്ങളും കണക്കിലെടുത്ത് നല്‍കിയ നഷ്ടപരിഹാരം, ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Tags